വൈറസ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ ഒന്നിനു മുകളിൽ

    ന്യൂഡെൽഹി : രാജ്യത്തു കൊറോണ വൈറസ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) വീണ്ടും ഒന്നിനു മുകളിലായി. വൈറസ് വ്യാപനത്തിന്റെ വേഗം സൂചിപ്പിക്കുന്ന ആർ വാല്യു ഏപ്രിൽ 12–18 ആഴ്ചയിൽ 1.07 ആണ്. തൊട്ടുമുൻപത്തെ ആഴ്ച ഇത് 0.93 ആയിരുന്നു. 3 മാസത്തിനിടെ ആദ്യമായാണ് ഒന്നിനു മുകളിലേക്ക് എത്തുന്നത്.

    കേരളത്തിലും (0.72) മഹാരാഷ്ട്രയിലും (0.88) ഇത് ഒന്നിനു താഴെയാണ്.
    ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഗവേഷകർ തയാറാക്കിയ കണക്കുപ്രകാരം ഡെൽഹി, ഹരിയാന, യുപി എന്നിവിടങ്ങളാണ് ആശങ്ക നൽകുന്നത്. കൊറോണ വ്യാപനം ശക്തമായിരുന്ന ജനുവരി 16–22 ആഴ്ചയിലായിരുന്നു ഒടുവിൽ ഒന്നിനു മുകളിലെത്തിയത്. അന്ന് 1.28 ആയിരുന്നു വാല്യു.

    വൈറസ് പിടിപെട്ട 10 പേർ സമ്പർക്കത്തിലൂടെ ശരാശരി എത്ര പേർക്ക് കൊറോണ പകർന്നു നൽകാമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു 1 ആണെങ്കിൽ ഓരോ 10 പേരും ശരാശരി മറ്റ് 10 പേർക്കു കൂടി വൈറസിനെ നൽകുന്നു.