എറണാകുളം സെൻറ് മേരീസ് ബസലിക്കയിൽ മാർ ജോർജ് ആലഞ്ചേരി ഏകീകൃത കുർബാന അർപ്പിച്ചു; സീറോമലബാർ സഭയിൽ പൂർണ്ണമായും ഏകീകൃത കുർബാന നിലവിൽ വന്നു

    എറണാകുളം: ചരിത്രം കുറിച്ച് സീറോ മലബാർ സഭ. എറണാകുളം സെൻറ് മേരീസ് ബസലിക്കയിൽ ഓശാന ഞായറാഴ്ച സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പും എറണാകുളം- അങ്കമാലി മെട്രോപ്പൊലീത്തൻ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത കുർബാന അർപ്പിച്ചതോടെ സഭയിൽ പൂർണ്ണമായും ഏകീകൃത രീതി നിലവിൽ വന്നു. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവയ്ക്ക് മാർ ആലഞ്ചേരി നേത്യത്വം നൽകി. ശുശ്രൂഷകളിൽ സഹകാർമ്മികനായി സംബന്ധിക്കേണ്ടിയിരുന്ന മെത്രാപ്പൊലീത്തൻ വികാരി മാർ ആൻ്റണി കരിയിൽ വിട്ടു നിന്നത് വത്തിക്കാൻ ഗൗരവമായി എടുക്കുമെന്നാണ് സൂചന.

    സീറോമലബാർ സഭയിൽ പൂർണ്ണമായും ഏകീകൃത കുർബാന നിലവിൽ വന്നതോടെ സഭ ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. സഭയിലെ 35 രൂപതകളിൽ 34 ഇടത്തും നേരത്തേ ഏകീകൃത കുർബാന നിലവിൽ വന്നിരുന്നു. എന്നാൽ ഇനിയും ഏകീകൃത കുർബാന നടപ്പാക്കാത്ത എറണാകുളം അതിരൂപതയിൽ ഓശാന ഞായർ മുതൽ പൂർണ്ണമായും ഏകീകൃത കുർബാന നടപ്പാക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദ്ദേശം.
    മാർപാപ്പയുടെ നിർദ്ദേശാനുസരണം അതിരൂപതയിൽ എകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിൻ്റെ തീരുമാനം വ്യക്തമാക്കി മാർ ആലഞ്ചേരിയും മാർ കരിയിലും സംയുക്തമായി ഇറക്കിയ സർക്കുലർ കുർബാന മധ്യേ വായിച്ചു.

    മാർപ്പാപ്പ നിർദേശിച്ചിട്ടും ഏകീകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം വേണമെന്നായിരുന്നു വിമത നേതാവ് മാർ കരിയിലും വൈദികരും ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല. കർദ്ദിനാളിനൊപ്പം ബിഷപ്പ് മാർ ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന എതിർക്കുന്ന വിമത വിഭാഗവും ബസിലിക്കയിൽ കുർബാനയ്‌ക്കെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബസലിക്കയിൽ വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

    അതേസമയം
    യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കി വിശ്വാസികൾ ഓശാന ഞായര്‍ ആഘോഷിച്ചു. ഓശാനപ്പെരുന്നാളോടെ പീഡാനുഭവ വാരത്തിനും തുടക്കമായി. കൊറോണ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങളിൽ വിശ്വാസികളുടെ നല്ല തിരക്കായിരുന്നു. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻ്റെ ഉയിർത്തെഴുന്നേൽപിൻ്റെ ഓർമപുതുക്കുന്ന ഈസ്റ്റർ ഞായറോടെ വിശുദ്ധവാരം പൂർത്തിയാകും.