കൊച്ചി: അന്തരിച്ച വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയായ എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് വൈകീട്ട് അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെടും. രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും. മൃതദേഹത്തെ എം.സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെ മൃതദേഹം വിട്ടു കൊടുക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇന്നലെ ജോസഫൈന് കണ്ണൂരിലെത്തിയതായിരുന്നു. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു.
നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന് ചികിത്സ തേടിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. നിലവില്‍ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗമാണ്. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 1978ല്‍ സിപിഎം അംഗത്വം. 1984ല്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി.
2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു.
സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പിഎ മത്തായിയാണ് ഭര്‍ത്താവ്. മകന്: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.