കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഏതെന്ന് ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നിലവില്‍ കേസിലെ സാക്ഷി എന്ന നിലയിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്.
സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തരുതെന്ന് നിയമമുള്ളതിനാലാണ് കാവ്യയുടെ സൗകര്യം തേടിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇത് സംബന്ധിച്ച ചില ശബ്ദ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
കൂടാതെ നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നിരുന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.