കെവി തോമസിനെതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍

തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എഐസിസി. കെവി തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാര്‍ശ അടുത്ത ദിവസം ചേരുന്ന അച്ചടക്ക സമിതി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെവി തോമസ് എഐസിസി അംഗമാണ്. എഐസിസി അംഗത്തെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പിസിസിയുടെ ശുപാര്‍ശ എഐസിസി പ്രസിഡന്റിന് കിട്ടിയിട്ടുണ്ട്. ശുപാര്‍ശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ട്. കെ വി തോമസുമായി രണ്ട് മൂന്ന് തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.