ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കലിലെ സെൻ്റ് സെബാസ്റ്റ്യൻ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 8.15നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 79 വയസ്സായിരുന്നു. സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10.30 ന് മൗണ്ട്‌ കാർമൽ കത്തീഡ്രൽ ദൈവാലയത്തിൽ ആലപ്പുഴ ബിഷപ്പ് ജയിംസ് ആനാപറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ.

സ്ഥാനം ഒഴിയുന്നതുവരെ ആലപ്പുഴയുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ബിഷപ് അത്തിപ്പൊഴിയിൽ . 1944 മെയ് 18നാണ് ജനനം. ആലപ്പുഴ രൂപതയുടെ പ്രഥമ ബിഷപ് ബിഷപ് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നും പട്ടം സ്വീകരിച്ച് 1969 ൽ വൈദികനായി. തുടർന്ന് ഓമനപ്പുഴ പള്ളി വികാരിയായി. 1982 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഫിലോസഫിയിൽ എംഎ നേടിയ അദ്ദേഹത്തെ മൈനർ സെമിനാരി റെക്ടറായി നിയമിച്ചു.തുടർന്ന് മംഗലപ്പുഴ സെമിനാരിയിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. 2000 നവംബർ 16 ന് ആലപ്പുഴ രൂപതയുടെ സഹായ മെത്രാനായി. ബിഷപ് പീറ്റർ ചേനപറമ്പിൽ വിരമിച്ചതോടെ 2001 ഡിസംബർ 9 നാണ് ആലപ്പുഴ ബിഷപ്പായി നിയമിതനായത്.

പത്തൊൻപതു വർഷം ആലപ്പുഴ രൂപതാ ബിഷപ്പായി സേവനം അനുഷ്ടിച്ച ശേഷം 2019 ഒക്ടോബർ 11- ന്‌ പടിയിറങ്ങി. വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ.ജീവിതം മുഴുവനും ആലപ്പുഴ രൂപതയ്ക്കും ലത്തീൻ കത്തോലിക്കാ സഭയ്ക്കും വേണ്ടി സമർപ്പിച്ച ബിഷപായിരുന്നു ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ.

ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയുടെ ഭൗതികശരീരം തിങ്കളാഴ്ചരാവിലെ ആറിന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് പ്രാർത്ഥനാശുശ്രൂഷകൾ നടത്തുകയും ചെയ്യും. തുടർന്ന് രാവിലെ ഏഴിന് മാതൃഇടവകയായ പെരുന്നേർമംഗലം (ചേന്നവേലി) സെൻറ് ആൻറണീസ് ദൈവാലയത്തിലേക്ക് കൊണ്ടു പോകും. അവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യും.

ചേന്നവേലിയിൽ നിന്ന് തീരദേശ ഇടവകകളിലൂടെ അഭിവന്ദ്യ പിതാവിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോകും. ഏകദേശം ഉച്ചയ്ക്ക് ഒന്നിന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദൈവാലയത്തിൽ എത്തിച്ചേരും. തുടർന്നാണ് സംസ്ക്കാര ശുശ്രൂഷകൾ.

നീണ്ട അമ്പത്തിനാലു വർഷമാണ്‌ അദ്ദേഹം പുരോഹിതവൃത്തിയിൽ ആലപ്പുഴ രൂപതയ്ക്കുവേണ്ടിയും കേരളസഭയ്ക്കും ആഗോള കത്തോലിക്കാ സഭയ്ക്കു പൊതുവായും അജപാലകനായത്‌. പിതാവിനെഅടുത്തറിയുന്ന എല്ലാവരും അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടുണ്ടാവും. ലോകത്തിന്റെ വശ്യമായ സുഖ സൗകര്യങ്ങളെല്ലാം അദ്ദേഹം തന്റെ ജീവിതത്തിൽ നിന്നും വളരെ ദൂരത്തേക്ക്‌ മാറ്റി നിർത്തിയിരുന്നു. ഉടുക്കുന്ന വസ്ത്രം മുതൽ ഉണ്ണുന്ന ഭക്ഷണത്തിലും യാത്രചെയ്യുന്ന വാഹനത്തിലുമെല്ലാം ഈ ലാളിത്യം അദ്ദേഹം ബോധപൂർവ്വം പുലർത്തിയിരുന്നു. നലം തികഞ്ഞ ആത്മീയ ജീവിതവും വിശുദ്ധിയും സഹാനുഭൂതിയും നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിന്റെ ജീവിത വഴികളിലെന്നും പൂത്തുനിന്നത്‌ നാനാ വിഭാഗം ജനങ്ങൾക്കും പിതാവിനെ സമീപസ്ഥനാക്കി.