എ വിജയരാഘവന്‍ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്; യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്. നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പിബിയിലെത്തുന്നതോടെ കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേയ്ക്കാണ് കേരളത്തില്‍ നിന്നും കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന്‍ എത്തുന്നത്.

പിബിയിലെ ദളിത് പ്രാതിനിധ്യം 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു.
മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി. കെ രാധാകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു.

അതേസമയം സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്.