നാളെ മുതല്‍ കരുതല്‍ ഡോസ്; വാക്‌സിന് പണം നല്‍കണം, സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജായി 150 രൂപ വരെ ഈടാക്കാം

ന്യൂ ഡെല്‍ഹി: പതിനെട്ട് വയസ് മുതല്‍ അമ്പത്തി ഒമ്പത് വയസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവരാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സിന്‍ തന്നെയായിരിക്കണം കരുതല്‍ ഡോസായി സ്വീകരിക്കേണ്ടത്. ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ പണം നല്‍കേണ്ടി വരും.

വാക്‌സിന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതേസമയം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊറോണ പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും തുടരും.