തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.