തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ അഭിഭാഷകരുടെ കൈയില്‍; സായ് ശങ്കറിന്റെ മൊഴി പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ അഭിഭാഷകരുടെ കൈയിലെന്ന് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍. ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ച ഐ മാക്കും ലാപ്‌ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് ചോദ്യം ചെയ്യലില്‍ സായ് ശങ്കര്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു.

താന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് അഡ്വ. ഫിലിപ്പ് ഐ മാക്കും ലാപ്‌ടോപ്പും വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടു വച്ചെന്ന് സായ് ശങ്കര്‍ പറഞ്ഞു. തെളിവുകള്‍ പൊലീസിന്റെ കൈയില്‍ ലഭിക്കുമെന്ന് പറഞ്ഞാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നുമാണ് സായ് വ്യക്തമാക്കിയിട്ടുള്ളത്.

തന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. ഇതും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സായ് ശങ്കര്‍ മൊഴി നല്‍കി. അതേസമയം അഭിഭാഷകരുടെ കൈവശമുള്ള തെളിവുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ ഈ മാസം 19ന് ആണ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ തീയതി പ്രായോഗികമല്ലെന്നും മൊഴി എടുക്കല്‍ നേരത്തെ ആക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും. വധ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് സായ് ശങ്കര്‍ ഇപ്പോള്‍.