തിരുവനന്തപുരം: പാചകവാതക ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന് മാര്‍ച്ച് നടത്തി. വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെയുള്ളവര്‍ രാജ്ഭവനിലേക്ക് എത്തിയത് കാളവണ്ടിയിലാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഒപ്പമുണ്ടായിരുന്നു.
മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎം ഹസന് തുടങ്ങിയ നേതാക്കളും പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിലക്കയറ്റരഹിത ഭാരത പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
അതേസമയം ബജറ്റ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ ലോക്സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇന്ധന-പാചകവാതക വിലവര്‍ധന, മരുന്ന് വിലവര്‍ധനയടക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ലോക്സഭയില്‍ ഇന്ന് ചര്‍ച്ചകള്‍ നടന്നില്ല.
വിലക്കയറ്റം, സര്‍ഫാസി അടക്കം ഒരു കൂട്ടം വിഷയം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നെങ്കിലും അധ്യക്ഷന്‍ അനുമതി നിഷേധിച്ചത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി.