കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, നിലമേല്‍, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്നലെ രാത്രി 11.41ഓടെ ആയിരുന്നു സംഭവം. ഇന്നലെ ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴ മാറിയശേഷം രാത്രി 11.37നും 11.41നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടുകൂടി ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ സാധ്യത. അതേസമയം ആന്തമാന്‍ കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും.