തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും; പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു

തിരുവനന്തപുരം: ജില്ലയില്‍ കനത്ത കാറ്റും മഴയും. കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളം കയറി.

കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളില്‍ വൈകിട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ആന്തമാന്‍ കടലിന് മുകളിലായി രൂപപ്പെടുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ചക്രവാതച്ചുഴിയുടെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.