കോഴിക്കോട് യുവാവ് ഭാര്യാ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് കൊളാവി പാലം സ്വദേശി അനില്‍ കുമാറാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. അനില്‍ കുമാറിന്റെ ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്.

പിന്നാലെ ഇയാള്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീപിടിച്ചു. നേരത്തെയും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.