കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആര്‍ടിസി വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സിഎല്‍ ഔസേപ്പിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുത്തത്.

അപകടത്തിന്റെ ദൃശ്യങ്ങളും ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കെഎസ്ആര്‍ടിസി ഔസേപ്പിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി. എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബസ് ഡ്രൈവര്‍ മനപ്പൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് മരിച്ച ആദര്‍ശിന്റെ അച്ഛന്‍ മോഹന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ഉണ്ടായത്.

ഫെബ്രുവരി ഏഴിന് പാലക്കാട് നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍ (23), സുഹൃത്ത് കാസര്‍കോട് സ്വദേശി സാബിത് (26) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.