യുവാവിന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ച സുഹൃത്ത് പിടിയില്‍

തൃശൂര്‍: യുവാവിന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ച സുഹൃത്ത് പിടിയില്‍. പ്രതി കെ ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. സഹോദരന്‍ ബാബുവിനെ കൊലപ്പെടുത്തിയശേഷം സാബു സുനിലിന്റെ സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സുനില്‍ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ മാര്‍ച്ച് 19ന് ചേര്‍പ്പ് മുത്തുള്ളിയാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി സ്ഥിരമായി ബാബു ബഹളമുണ്ടാക്കിയിരുന്നു. സംഭവ ദിവസവും പ്രശ്‌നമുണ്ടാക്കിയ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് സാബുവിന്റെ മൊഴി.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി സാബുവും സുഹൃത്തും ചേര്‍ന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.