സിപിഐ പുതുക്കിയ മദ്യനയത്തെ എതിര്‍ത്തിട്ടില്ല; ആശങ്ക ഉന്നയിച്ചത് മദ്യശാലകളുടെ ദൂരപരിധിയെക്കുറിച്ച്: കോടിയേരി

കണ്ണൂര്‍: സിപിഐ പുതുക്കിയ മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ആശങ്ക ഉന്നയിച്ചത് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധിയെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

കള്ളുഷാപ്പിന്റെ ഭൂപരിധി പ്രശ്‌നമാണ്. ഇക്കാര്യം ചെത്തുതൊഴിലാളി യൂണിയനും അറിയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്ന് കോടിയേരി വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. കാപ്പനെ എല്‍ഡിഎഫിലേക്ക് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് വ്യത്യസ്ത നിലപാട് ആണുള്ളതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രിസഭയില്‍ അറിയിച്ചു.