ബസില്‍ ശല്യം ചെയ്ത 52കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് 21കാരി

കാസര്‍ഗോഡ്: ബസില്‍ വച്ച് ശല്യം ചെയ്ത 52കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് 21കാരി. മാണിയാട്ട് സ്വദേശിയായ 52 കാരന്‍ രാജീവന്‍ ആണ് പൊലീസ് പിടിയിലായത്. കരിവെള്ളൂര്‍ സ്വദേശി പിടി ആരതിയാണ് തന്നെ ശല്യം ചെയ്ത ആളെ നൂറുമീറ്ററോളം പിറകെ ഓടി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സ്വകാര്യ ബസ് പണിമുടക്ക് ദിവസങ്ങളിലൊന്നില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആരതിക്ക് ഈ ദുരനുഭവം ഉണ്ടായത്.

കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു ആരതി. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നില്‍ക്കാന്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ബസിലുള്ളവര്‍ ആരും പ്രതികരിക്കാതിരുന്നതോടെ ഇയാളുടെ ഉപദ്രവം തുടര്‍ന്നു. ആരതി പിങ്ക് പൊലീസിനെ വിളിക്കാന്‍ ഫോണെടുക്കുന്നതിനിടെ കാഞ്ഞങ്ങാട്ട് വണ്ടി നിര്‍ത്തിയതും ഇയാള്‍ ഇറങ്ങിയോടി.

എന്നാല്‍ ഇയാള്‍ക്ക് പിന്നാലെ ബസില്‍ നിന്നിറങ്ങിയ ആരതി പ്രതിയുടെ പുറകെ 100 മീറ്റര്‍ ഓടി. ഒരു ലോട്ടറി കടയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ലോട്ടറി വാങ്ങാനെന്ന വ്യാജേന പ്രതി അവിടെ നിന്നു. ഇത് മനസിലാക്കിയ ആരതി സമീപത്ത് നിന്നവരോട് കാര്യം പറഞ്ഞു. തുടര്‍ന്ന് ആളുകള്‍ ഇയാളെ പിടിച്ച് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെട്ടാലും പരാതി നല്‍കാന്‍ ആരതി രാജീവന്റെ ഫോട്ടോ ബസില്‍ വച്ച് എടുത്തിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ആരതി ബിരുദം നേടിയത്.