ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് തെളിവുകള്‍ നേരത്തെ കൈമാറിയില്ല; വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. കൈയിലുണ്ടായിരുന്ന തെളിവുകള്‍ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ നേരത്തെ കൈമാറാത്തതെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാര്‍ നേരത്തെ പരാതി നല്‍കാത്തതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്ന് സംശയമുണ്ടാക്കില്ലെയെന്നും കോടതി ആരാഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും നേരത്തെ സാക്ഷി ദിലീപിന്റെ സുഹൃത്ത് ആയിരുന്നെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. ഒരു കുറ്റകൃത്യം തെളിയുന്നുണ്ടോയെന്ന് മാത്രം കോടതി നോക്കിയാല്‍ മതി. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.

വെറുതെ പറയുന്ന കാര്യം വധഗൂഢാലോചന ആകുമോയെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്ന് ദിലീപ് പരാതിപ്പെട്ടു.