വര്‍ക്കല തീപിടിത്തം; കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു; റിപ്പോര്‍ട്ട്

തിരുവനന്തപുരം: വര്‍ക്കല തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറെന്ന് അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി പടര്‍ന്ന് തീപിടിത്തമുണ്ടായെന്നാണ് കണ്ടെത്തല്‍. തീപടര്‍ന്നതോടെ ഹാളിലും പിന്നാലെ മുറികളിലും പുക നിറയുകയായിരുന്നു. ജനലിലൂടെ തീ പടര്‍ന്നപ്പോഴാണ് ബൈക്ക് കത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തീപിടിത്തത്തിന്റെ കാരണം അറിയില്ലെന്നും അയല്‍വീട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് തീപിടിത്തം അറിഞ്ഞതെന്നുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഹുലിന്റെ മൊഴി. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 1.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്.

അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിഹുല്‍ ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തം ഉണ്ടായ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്.