തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയവരെ തടഞ്ഞു; അടച്ചിട്ട മാളിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധം. മാള്‍ പ്രവര്‍ത്തിച്ചേയ്ക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് സമരാനുകൂലികള്‍ തിരുവനന്തപുരം ലുലു മാളില്‍ എത്തിയത്. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒമ്പത് മണിയോടെയാണ് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്ക് അനകൂലികള്‍ തടഞ്ഞത്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നിന്നു. ജോലിക്ക് വരണമെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് എത്തിയതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ അകത്തു കയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജീവനക്കാരോട് തിരിച്ചുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ മടങ്ങിപ്പോയി. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിനവും തുടരുകയാണ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിക്കെത്തണം എന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.