ചെങ്ങന്നൂരിലെ പ്രശ്നം പരിഹരിച്ചെന്ന് മന്ത്രി സജി ചെറിയാൻ ഇല്ലെന്ന് സമരസമിതി

ചെങ്ങന്നൂര്‍: കെ റെയില്‍ പ്രതിഷേധത്തിനിടെ പിഴുതെറിഞ്ഞ കല്ലുകള്‍ നാട്ടുകാരുടെ പിന്തുണയോടെ പുനഃസ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോഴും ഇല്ലെന്ന് വ്യക്തമാക്കി സമരസമിതി. നാട്ടുകാരെ മന്ത്രി ഭീഷണിപ്പെടുത്തിയതായി കെ റെയില്‍ സമര സമിതി നേതാവ് സിന്ധു ജയിംസ് ആരോപിച്ചു.

ഒരാളെ പോലും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് പകരം വീട് ഉറപ്പാക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്ന് അവര്‍ വ്യക്തമാക്കി. മന്ത്രി അതിരാവിലെ പ്രാദേശിക എല്‍ഡിഎഫ് നേതാക്കളോടൊപ്പം ചെങ്ങന്നൂരിലെ 20 വീടുകളാണ് സന്ദര്‍ശിച്ചത്. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ‘നിങ്ങള്‍ക്കൊക്കെ എന്തിന്റെ പ്രശ്നമാണ് എന്നാണ് മന്ത്രി വീടുകളിലെത്തി ചോദിച്ചതെന്ന് സമര സമിതി ആരോപിച്ചു. വീട് നഷ്ടപ്പെട്ടാല്‍ കോടികള്‍ നഷ്ടപരിഹാരം ലഭിക്കും. മറ്റെവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിച്ചുകൂടെ, കെ റെയില്‍ വികസന പദ്ധതിയല്ലേ. നാടിളക്കിയുള്ള സമരം എന്തിനാണ്’ എന്ന തരത്തില്‍ മന്ത്രി ഭീഷണിപ്പെടുത്തിയതായി അവര്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ കല്ലുകളാണ് മന്ത്രി സജി ചെറിയാന്റെ സാനിധ്യത്തില്‍ പുനഃസ്ഥാപിച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടിവരുമെന്ന് മന്ത്രി സജി ചെറിയാന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.