മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും; എ.രാജ എംഎല്‍എയ്ക്ക് മര്‍ദ്ദനം

മൂന്നാര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ എ.രാജ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റു.

11 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ ടൗണില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. എ.രാജ എംഎല്‍എ സംസാരിക്കുന്ന സമയത്ത് അതുവഴി പോയ വാഹനങ്ങളെ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. വാഹനങ്ങള്‍ തടയാന്‍ റോഡിലേക്ക് ഇറങ്ങിയ പണിമുടക്ക് അനുകൂലികളെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സമരക്കാരെ പൊലീസ് തടയാന്‍ ശ്രമിക്കുന്നത് കണ്ട് എ.രാജ എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമാണ് എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റുവെന്നാരോപിച്ച് എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടി.