ഇന്ധന വില വീണ്ടും വര്‍ധിച്ചു; ഒരാഴ്ചയ്ക്കിടെ ഇന്ധനവില കൂട്ടിയത് ആറ് തവണ

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ ആറ് തവണയാണ് ഇന്ധനവില കൂട്ടിയത്.

ഏഴ് ദിവസത്തിനിടെ നാലര രൂപയ്ക്ക് മുകളിലാണ് കൂട്ടിയത്. ഇന്നലെ അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ആദ്യമായി വില വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.