കോട്ടയം: വീടിരിക്കുന്ന സ്ഥലത്തെ കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്. കെ റെയിലിന്റെ അലൈന്മെന്റില് തന്റെ വീട് വന്നാല്‍ പൂര്‍ണമനസോടെ വീട് വിട്ടുനല്‍കുമെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. ‘സില്‍വര്‍ലൈനിന് എന്റെ വീട് വിട്ടുനല്‍കാം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ‘ഞാന്‍ ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റ് മാറ്റി എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു എന്റെ ധാരണ. കെ റെയിലിന്റെ അലൈന്മെന്റില് എന്റെ വീട് വന്നാല്‍ പൂര്‍ണമനസോടെ വീട് വിട്ടുനല്‍കാം. അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം.
എന്റെ കാലശേഷം വീട് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുമെന്നും ഡോക്ടര്‍മാരായ പെണ്മക്കള് അവരുടെ സൗജന്യസേവനം കരുണയ്ക്ക് നല്‍കുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനല്‍കാന്‍ കൂടുതല്‍ സന്തോഷമേയുള്ളൂ. വീട് സില്‍വര്‍ ലൈനിന് വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാം. അദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കരുണയ്ക്ക് കൈമാറിയാല്‍ മതി’ എന്നായിരുന്നു കുറിപ്പ്.
സജി ചെറിയാന് ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ കെ റെയില്‍ അലൈന്മെന്റില് മാറ്റംവരുത്തിയെന്നായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടിയായിരുന്നു ആദ്യം കെ റെയില്‍ അലൈന്മെന്റ്. ഇപ്പോള്‍ ആ അലൈന്മെന്റ് പടിഞ്ഞാറുവശത്തേയ്ക്ക് മാറ്റി. സജി ചെറിയാന് ഇനി ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.