തിരുവനന്തപുരം നഗരത്തില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി രാത്രി യാത്ര

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസുകളുടെ സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ ബസില്‍ നഗരം ചുറ്റി കാണാം. സന്ധ്യയോടെ ആരംഭിക്കുന്ന സര്‍വീസുകള്‍ തിരുവനന്തപുരം നഗരം മുഴുവന്‍ ചുറ്റികറങ്ങിയശേഷം കോവളത്തേക്ക് പോകും.

അവിടെ യാത്രക്കാര്‍ക്ക് കുറച്ച് സമയം ചെലവിടാം. ശേഷം തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യമെങ്കില്‍ രാത്രി 12ന് ശേഷവും സര്‍വീസ് നടത്താന്‍ ആലോചനയുണ്ട്. നിലവില്‍ നാല് ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സര്‍വീസുകള്‍ക്കായി മേല്‍ക്കൂര മാറ്റിയ ഡബിള്‍ ഡക്കര്‍ ബസുകളാണ് ഉപയോഗിക്കുക. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ്.

മഴക്കാലത്ത് സര്‍വീസ് നടത്താന്‍ കഴിയുന്ന രീതിയില്‍ മേല്‍ക്കൂരയും സ്ഥാപിക്കും. പലഹാരങ്ങളും ലഘുപാനിയങ്ങളും ബസില്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജും പ്രഖ്യാപിക്കും. ആദ്യം തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന പദ്ധതി പിന്നാലെ കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലും കൊണ്ടു വരും.