പോക്സോ കേസില്‍ കുടുക്കിയത് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗസംഘമെന്ന് അഞ്ജലി റീമാദേവ്

കൊച്ചി: നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയത് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗസംഘമെന്ന് അഞ്ജലി റീമാദേവ്. എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് അഞ്ജലി പറയുന്നു.

അതേസമയം കേസില്‍ ചോദ്യംചെയ്യലിനായി അഞ്ജലി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ഇന്ന് ഹാജരായി. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അഞ്ജലിയെ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇത് ചൂണ്ടികാട്ടി അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് ഇന്ന് ഹാജരായത്.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു.