കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസറാണ് വിജി.

അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊണ്ടോട്ടി ബൈപ്പാസിന് സമീപത്തെ പൂക്കോക്കട പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം.

മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഐവിന്‍ എന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ടോറസ് ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിഞ്ഞു. അപകടത്തില്‍ മരിച്ച വിജി മൊറയൂരില്‍ നിന്നാണ് ബസില്‍ കയറിയത്.