കെ റെയില്‍ പ്രതിഷേധം; കോട്ടയം കളക്ടറേറ്റില്‍ സര്‍വേ കല്ല് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്, ലാത്തിവീശി പൊലീസ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ കോട്ടയത്ത് പ്രതിഷേധം. കോട്ടയം കളക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. കളക്ടറേറ്റിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നെങ്കിലും ഇടവഴിയിലൂടെ അകത്തുകയറിയാണ് പ്രവര്‍ത്തകര്‍ സര്‍വേ കല്ല് സ്ഥാപിച്ചത്.

കളക്ടറേറ്റിന്റെ കിഴക്ക് ഭാഗത്ത് ജില്ലാ പഞ്ചായത്തിന് മുന്നിലെ ഉദ്യാനത്തിലാണ് കല്ല് സ്ഥാപിച്ചത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പൊലീസിന്റെ ലാത്തിവീശലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയ് എന്നിവര്‍ സ്ഥലത്തുണ്ട്. പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

നട്ടാശേരിയില്‍ രാവിലെ എട്ടരയോടെ വന്‍ പൊലീസ് സന്നാഹത്തോടെ നടപടികള്‍ പുനരാരംഭിച്ചെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു. ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസ് കടത്തിവിട്ടില്ല. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാകിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. പൊലീസ് നടപടിയെ തുടര്‍ന്ന് നാട്ടുകാര്‍ കെ റെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സ്ത്രീകളടക്കം നിരവധിപ്പേരാണ് രംഗത്തുള്ളത്. പ്രദേശത്ത് ഡിവൈഎസ്പി എജെ തോമസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

നാട്ടാശ്ശേരിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ കല്ലിടല്‍ തടസപ്പെട്ടിരുന്നു. കോട്ടയം പെരുമ്പായിക്കോടും കല്ലിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇടാന്‍ കൊണ്ടു വന്ന കല്ലുകള്‍ പ്രതിഷേധക്കാര്‍ എടുത്തു കളഞ്ഞു. കുഴി കുത്താന്‍ കൊണ്ടുവന്ന ഉപകരണവും സമരക്കാര്‍ തിരികെ എടുപ്പിച്ചു. പ്രതിഷേധം തുടരുകയാണ്.

കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ സര്‍വേ മാറ്റിവെച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍വേ മാറ്റിവെച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് കല്ലിടല്‍ ഒഴിവാക്കി സര്‍വേ മാത്രം നടത്തുമെന്നാണ് സൂചന. മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.