കെ റെയില്‍ നടപ്പാക്കും; പദ്ധതി കുട്ടികളുടെ ഭാവിക്ക് എന്ന അവകാശവാദവുമായി പിണറായി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെച്ചൊല്ലി സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കെ റെയില്‍ പദ്ധതി കേരളം നടപ്പാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പദ്ധതി നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്. സ്വകാര്യമായി ചോദിച്ചാല്‍ പദ്ധതി ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയും, മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

‘പദ്ധതിയെക്കുറിച്ച് ഗൗരവമായ പഠനമൊന്നും നടന്നിട്ടില്ല. എണ്ണമറ്റ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ, ഇത് സാമ്പത്തികമായി ലാഭകരമല്ലെന്ന് പല വിദഗ്ദരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ പിടിവാശി ഉപേക്ഷിച്ച് ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം’ എന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി നേതാവ് ബാബുരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിച്ച 300 ലധികം പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്.

അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ജില്ലയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കെ റെയിലിന് വേണ്ടി അളവെടുക്കുന്ന തൊഴിലാളികളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് ഡിവൈഎസ്പി എജെ തോമസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.