12,500രൂപ ദിവസവാടകയുള്ള മുറിയില്‍ താമസം, ഉച്ചയൂണിന് 1700 രൂപ; സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ ദിലീപില്‍ നിന്ന് പണം കൈപ്പറ്റിയോ, അന്വേഷണം

കൊച്ചി: ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് സായ് ശങ്കര്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. 12,500 രൂപ ദിവസവാടകയുള്ള മുറിയില്‍ സായ് താമസിച്ചിരുന്നതിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഉച്ചയൂണിന് സായ് ചെലവഴിച്ചത് 1700 രൂപയാണ്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദിലീപ് ഫോണുകള്‍ കൈമാറുന്നതിന് മുമ്പ് വിവരങ്ങള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ വച്ചാണ് രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത്. മറ്റ് രണ്ടു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ്് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കില്‍ നടത്തിയ റെയ്ഡില്‍ ഐ മാക് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം ഇന്നലെ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സായ് ശങ്കറിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നായിരുന്നു വിശദീകരണം. ഹാജരാകുന്നതിന് 10 ദിവസം വേണമെന്നാണ് സായ് ശങ്കര്‍ ഇ മെയില്‍ വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ കൊറോണ പരിശോധനാഫലം ഹാജരാക്കിയിട്ടില്ല.