‘പൊലീസ് പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത്’; സംയമനത്തോടെ നേരിടണമെന്ന് ഡിജിപി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ പൊലീസ് സംയമനത്തോടെ പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. സമരക്കാര്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. പൊലീസ് പ്രതിഷേധക്കാരൈ പ്രകോപിക്കരുതെന്ന് ഡിജിപി പറഞ്ഞു.

അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജിജി ഫിലിപ്പ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണത് സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃക്കൊടിത്താനം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. കാഴ്ചയ്ക്ക് തകറാറ് സംഭവിച്ചതായി പൊലീസ് പറഞ്ഞു. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ വീണ്ടും തുടങ്ങും. കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.