രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അടച്ച് പിതാവ് വീടിന് തീവച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മകനെയും കുടുംബത്തെയും കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായാ മെഹ്‌റാ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍ വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.

കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ഇയാള്‍ ചോര്‍ത്തിക്കളഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.