ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം: സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

ചങ്ങനാശ്ശേരി: മാടപ്പള്ളിയില്‍ ജനദ്രോഹ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സമരസമിതിയുടെ നേതൃത്വത്തില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പെരുന്നയില്‍ നിന്ന് കവലയിലേക്ക് മാര്‍ച്ച് നടത്തി. രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. കടകമ്പോളങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കുകയാണ്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്ന കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.

അതേസമയം വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ മാടപ്പള്ളിയില്‍ ഉച്ചയ്ക്ക് 12ന് പ്രതിഷേധയോഗം നടക്കും. ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തുന്നതിനൊപ്പം പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. മാടപ്പള്ളിയില്‍ ഇന്നലെ നടന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സമരസമിതി നേതാവുമായ വിജെ ലാലിയെ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംന്തോട്ടം സന്ദര്‍ശിച്ചു.

കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജനരോഷം ഇരമ്പുകയാണ്. കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടം സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും ഇനിയും സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഇന്നലെ കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാര്‍ നടത്തിയ ശക്തമായ പ്രതിഷേധ സമരത്തിനിടെ പൊലീസ് മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. കല്ലിടലിനെതിരെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ആത്മഹത്യാഭീഷണിയും മുഴക്കി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കല്ലിടല്‍ തടസപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.

നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായ ഇന്ന് കെറെയില്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ദമായി. ഇതിനെ തുടര്‍ന്ന് സഭാ നടപടികള്‍ അല്പനേരത്തേക്ക് നിര്‍ത്തിവച്ചു. മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.