ചങ്ങനാശ്ശേരിയിലും കല്ലായിയിലും കല്ലുകള്‍ പിഴുതുമാറ്റി സമരക്കാര്‍; പ്രതിപക്ഷനേതാവും സംഘവും മാടപ്പള്ളിയില്‍

ചങ്ങനാശ്ശേരി: കെറെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുമ്പോള്‍ പൊലീസ് സംരക്ഷണയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞ് സമരക്കാര്‍. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു സമരക്കാര്‍ കല്ലുകള്‍ പിഴുത് മാറ്റിയത്. ചങ്ങനാശ്ശേരിയിലും കല്ലായിയിലും കല്ലുകള്‍ പിഴുതുമാറ്റി.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുളള യുഡിഎഫ് സംഘം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെത്തി. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ വി.ഡി സതീശനൊപ്പമുണ്ടായിരുന്നു. സംഘം മാടപ്പള്ളിയില്‍ പ്രതിഷേധക്കാരെ കണ്ട് സംസാരിച്ചു. കെറെയില്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സന്ദര്‍ശനം.

സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായ ഇന്ന് മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം ചങ്ങനാശ്ശേരിയില്‍ കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്ന കെറെയില്‍ വിരുദ്ധ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.