കെറെയിലില്‍ സമരം ശക്തമാക്കാന്‍ ഉറച്ച് യുഡിഎഫ്; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സമരമുഖത്തേക്കെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പൊലീസിനെ ഉപയോഗിച്ച് കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. യുഡിഎഫ് സമരം ഏറ്റെടുത്തു കഴിഞ്ഞുവെന്നും നേരെ സമരമുഖത്തേയ്ക്കാണ് പോകുന്നതെന്നും സതീശന്‍ പറഞ്ഞു. മാടപ്പള്ളിയില്‍ പ്രതിഷേധക്കാരെ കണ്ട് സംസാരിക്കുമെന്നും സ്ത്രീ വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സമരം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായ ഇന്ന് കെറെയില്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ദമായി. ഇതിനെ തുടര്‍ന്ന് സഭാ നടപടികള്‍ അല്പനേരത്തേക്ക് നിര്‍ത്തിവച്ചു.

മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി.

അതേസമയം ചങ്ങനാശ്ശേരിയില്‍ കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കുകയാണ്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്ന കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.