അനുവാദമില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തിയ സംഭവം: വനം വകുപ്പ് കേസെടുത്തു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവാദമില്ലാതെ നാലംഗ സംഘം സന്ദര്‍ശനം നടത്തിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. രണ്ട് റിട്ടയേര്‍ഡ് എസ്‌ഐമാരടക്കം നാല് പേര്‍ക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവര്‍ കയറിയതിനാലാണ് നടപടി. സംഭവം വിവാദമായപ്പോള്‍ പൊലീസ് നാലംഗ സംഘത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. അനുവാദമില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് കടത്തി വിട്ട തേക്കടിയിലെ വനപാലകര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.

ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുമളി സ്വദേശികളായ നാലുപേര്‍ അണക്കെട്ടിലെത്തിയത്. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡെല്‍ഹി പൊലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഡാമിലെത്തിയത്. തേക്കടിയില്‍ നിന്നും തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര.

നാലുപേര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ വിവരം പൊലീസുകാര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിലേക്ക് പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെയാണ് ഇവരെ മുല്ലപ്പെരിയാര്‍ പൊലീസ് കടത്തിവിട്ടത്. ഇത് കനത്ത സുരക്ഷാ വീഴ്ചയാണ്.