തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം കെറെയില്‍ വിഷയത്തില്‍ പ്രക്ഷുബ്ദമായി സഭ. മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ സമരം നയിച്ചവരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ അല്പനേരത്തേക്ക് നിര്‍ത്തിവച്ചു.
സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശന് അറിയിച്ചപ്പോള്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല.
കഴിഞ്ഞ ദിവസം കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധ സമരത്തിനിടെ പൊലീസ് മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. കല്ലിടലിനെതിരെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ആത്മഹത്യാഭീഷണിയും മുഴക്കി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കല്ലിടല്‍ തടസപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.
സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലാണ്. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.