പാല്‍ വില അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ

കൊച്ചി: പാല്‍ വില അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. ദിനംപ്രതി ക്ഷീര പരിപാലന വസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പാല്‍ വില കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. കാലിത്തീറ്റ ഉള്‍പ്പെടെയുള്ള ക്ഷീര പരിപാലന വസ്തുക്കള്‍ക്ക് വില കൂടുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു.

മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവിലത്ത് ആണ് സര്‍ക്കാരിന് നിവേദനം നല്‍കിയത്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കാണ് നിവേദനം നല്‍കിയത്. പാലിന് അഞ്ച് രൂപ കൂട്ടുകയോ കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കുകയോ ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നിവേദനത്തിലെ ആവശ്യം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ പാല്‍ വില വര്‍ധിപ്പിക്കുകയും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് മില്‍മ മേഖലാ ചെയര്‍മാന്‍ സര്‍ക്കാരിനെ സമീപിച്ചത്.