കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാലു മരണം; രണ്ടു പേര്‍ ആശുപത്രിയില്‍; ഒരാള്‍ ഇപ്പോഴും മണ്ണിനടിയില്‍

കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ നാലു മരണം. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണിനടിയില്‍ കുടുങ്ങിയ ഒരാളെ പുറത്തെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഏഴ് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു.

ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികള്‍ ജോലിയില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതില്‍ 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു.