പി എസ് സി പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍

തിരുവനന്തപുരം: പി എസ് സി പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂണ്‍ 11, 19 തീയതികളില്‍ നടത്തും. വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്കാണ് പരീക്ഷ നടത്തുന്നത്. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

പരീക്ഷയ്ക്ക് സ്ഥിരീകരണം നല്‍കുവാനുള്ള സമയം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി നല്‍കിയിട്ടുണ്ട്.