സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: കൊറോണ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്ന കാര്യം പരിഗണനയില്‍. വിദഗ്ദ സമിതിയുമായി കൂടിയാലോചിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. കേന്ദ്രനിര്‍ദ്ദേശം കൂടി പരിഗണിക്കുമെന്നാണ് വിവരം.

രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 1193 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 3 മരണങ്ങളാണ് കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.