തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചു: ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി

കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. സാക്ഷിയെ സ്വാധീനിക്കുന്നതുള്‍പ്പെടെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.

അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് ഫോണിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ ബി രാമന്‍ പിള്ള പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.

നേരത്തെ ബി രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു.