പ്രതിപക്ഷ നേതാവ് പഴയ കെ എസ്‌ യുക്കാരനെ പോലെ ഉറഞ്ഞു തുള്ളുന്നുവെന്ന് മുഖ്യമന്ത്രി: എതിരാളികളെ ഇല്ലാതാക്കുന്ന പാര്‍ട്ടി സെക്രട്ടറിയാവരുതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും വിഡി സതീശനും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് പഴയ കെ എസ് യുക്കാരനെ പോലെ ഉറച്ചു തുള്ളുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഡി സതീശന്റെ മനോനില തെറ്റിയെന്നും പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് താഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശനും പറഞ്ഞു.

സംസ്ഥാനത്ത് കലാലയങ്ങളില്‍ വലിയ സ്വീകാര്യതയുള്ള എസ് എഫ് ഐ എന്ന പ്രബലമായ ഒരു വിദ്യാര്‍ത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആണ്‍കുട്ടികള്‍ മാത്രമല്ല ആയിരക്കണക്കിന് പെണ്‍കുട്ടികളും പാര്‍ട്ടിയില്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.

പൊലീസ് നോക്കി നില്‍ക്കെയാണ് ലോ കോളേജില്‍ സംഘര്‍ഷം ഉണ്ടായതെന്നും എസ് എഫ് ഐ പ്രവര്‍ത്തകരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ച് അറിയാന്‍ കഴിയാത്ത സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്എഫ്ഐ അക്രമം നിസാരമാക്കിയതിലും ഉചിത നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് കയ്യാങ്കളി ഉണ്ടായത്. സംഘര്‍ഷത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫീന അടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.