സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ മതിലുചാടിയെത്തി: പട്ടിയെ അഴിച്ച് വിട്ട് വീട്ടുകാര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ മതിലുചാടിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പട്ടിയെ അഴിച്ച്‌വിട്ട് വീട്ടുകാര്‍. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടലില്‍ നിന്ന് പിന്‍വാങ്ങി.

റെയില്‍വേ സ്റ്റേഷന് സമീപം ബിബിന കോട്ടേജില്‍ ബിബിന ലോറന്‍സി (69) യുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗേറ്റില്‍ സ്ത്രീകള്‍ അധികൃതരെ തടഞ്ഞത്. ഗേറ്റ് അടച്ചിട്ടതിനാല്‍ ഉദ്യോഗസ്ഥര്‍ മതിലുചാടി വീട്ടുവളപ്പില്‍ കല്ലിടാന്‍ ശ്രമിച്ചു. ഉടന്‍ സമീപത്തെ വീട്ടുടമസ്ഥന്‍ പട്ടികളെ തുറന്നുവിടുകയായിരുന്നു.

രണ്ടാം വട്ടമാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് ബിബിന പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ബിബിനയുടെ പത്തര സെന്റ് ഏറ്റെടുത്തിരുന്നു. അന്ന് നിയമ പോരാട്ടങ്ങളിലൂടെ ആകെ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണെന്ന് ബിബിന പറയുന്നു. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുന്‍വശവും അന്ന് നഷ്ടപ്പെട്ടു. ബാക്കിവന്ന സ്ഥലത്താണ് ഇപ്പോള്‍ താമസിക്കുന്നത്.

പൊലീസുകാരെയും ആള്‍ക്കൂട്ടത്തെയും കണ്ട് ബിബിനയുടെ ഭിന്നശേഷിയുള്ള ചെറുമകന്‍ ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് മംഗലപുരം എസ്.എച്ച്.ഒ എച്ച്.എല്‍ സജീഷ് ബിബിനയുമായി ഏറെ നേരം സംസാരിച്ച് ശാന്തമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ അകത്തു കയറി കല്ലിട്ടത്. ഈ പ്രദേശത്ത് 23 ഓളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്ന് പ്രതിഷേധവുമായെത്തിയവര്‍ പറഞ്ഞു.