യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റഷ്യ യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളിലെ പഠനം മുടങ്ങിയ കാര്യം കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ മെഡിക്കല്‍ കമ്മിഷന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സി കെ ഹരീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊറോണ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാതെയോ പൂര്‍ത്തിയാക്കാതെയോ തിരിച്ചെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. അംഗീകൃത മെഡിക്കല്‍ കോളേജുകളിലോ അതോടൊപ്പമുള്ള ആശുപത്രികളിലോ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പോ അല്ലെങ്കില്‍ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂര്‍ത്തിയാക്കുന്നതിന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്രൊവിഷനല്‍ റജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌റ്റൈപ്പന്റും മറ്റു സൗകര്യങ്ങളും വിദേശത്ത് നിന്നും വരുന്നവര്‍ക്ക് അനുവദിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ തീരുമാനം ആവശ്യമാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള വായ്പ അനുവദിക്കുമ്പോള്‍ ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെയുള്ള പഠനകാലയളവിന് പുറമേ ഒരു വര്‍ഷം കൂടി തിരിച്ചടവ് സാവകാശം നല്‍കിയാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഈ കാലാവധി കഴിയുന്ന മുറയ്‌ക്കോ തൊഴില്‍ സമ്പാദിക്കുന്ന സാഹചര്യത്തിലോ വായ്പയുടെ തിരിച്ചടവ് ആരംഭിക്കുന്ന രീതിയാണ് നിലവിലുള്ളത്.