സില്‍വര്‍ലൈന്‍ പദ്ധതി: സഭയില്‍ ചര്‍ച്ച, ലോക സമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടിയുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ചയില്‍ പി സി വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണിവരെയാണ് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ചര്‍ച്ച വേണ്ടെന്ന നിലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണു നാഥ് പറഞ്ഞു. ലോക സമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടിയും എന്ന നിലയാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഹീനമായി നേരിട്ടു കൊണ്ട് പൊലീസ് ആറാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന നവകേരളത്തിന്റെ ഭാഗമാണോ ഈ പദ്ധതിയൈന്ന് അദ്ദേഹം ചോദിച്ചു.

സാങ്കേതികവിദ്യ തീരുമാനിക്കുന്നതില്‍ പോലും സര്‍ക്കാരിനോ റെയില്‍വേക്കോ പങ്കില്ലാത്ത ഈ പദ്ധതിയെ എന്തിന് പിന്തുണക്കണമെന്ന് അദ്ദേഹം ചോദിച്ചു. റീബില്‍ഡ് കേരളയ്ക്ക് കിട്ടിയ പണം പോലും വകമാറ്റിയ സര്‍ക്കാരാണിതെന്നും റീ ബില്‍ഡ് കേരളയ്ക്ക് പോലും ഇന്ന് പണമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് മഞ്ഞക്കുറ്റി നടാന്‍ സംരക്ഷണം കൊടുക്കുകയാണ്. കമ്മീഷന്‍ അടിക്കാനുള്ള പദ്ധതിയാണ് കെ റെയില്‍. ഇവിടെ കെ റെയില്‍ വേണ്ട കേരളം മതിയെന്ന് അദ്ദേഹം പറഞ്ഞു.