തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരം. ഒരു വികസനവും പാടില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുമ്പോള്‍ പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന് പറയുന്നത് ശരിയല്ല. പരിസ്ഥിതിക്ക് നാശമുണ്ടാകില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഭവങ്ങള്‍ ലഭിക്കില്ലെന്ന വാദവും ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിപിആറില്‍ പറയുന്നത് പോലെ പദ്ധതി കേരളത്തെ രണ്ടായി പിളര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയോട് എല്ലാവരും യോജിക്കണമെന്നും എതിപ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. പരിസ്ഥിതി, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ചില കാര്യങ്ങളില്‍ ഡിപിആറിനെ ആശ്രയിച്ചുകൊണ്ടും മറ്റുചില വിഷയങ്ങളില്‍ ഡിപിആറിനെ തള്ളിക്കൊണ്ടുമായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ അടിയന്തര പ്രമേയം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.