സില്‍വര്‍ലൈന്‍ പദ്ധതി: സഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് അനുമതി, കേരളത്തിന് വേണ്ടപ്പെട്ട പദ്ധതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കി. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

കേരളത്തിന് വേണ്ടപ്പെട്ട പദ്ധതിയാണെന്നും സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും.

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ പദ്ധതിയാണ് സില്‍വര്‍ലൈന്‍. പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുന്നത്.