ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെ കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെ കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ആയിരക്കണക്കിന് കുടുംബങ്ങളാണ് പദ്ധതി മൂലം ഭവനരഹിതരാകുന്നത്. ചങ്ങനാശ്ശേരിയിലെ കുറുമ്പനാടത്ത് മാത്രം ഇരുനൂറിലേറെ പേർക്കാണ് വീട് നഷ്ടമാകുന്നത്. പള്ളി ഉൾപ്പെടുന്ന സ്ഥലം രണ്ടായി തിരിയുന്ന സാഹചര്യമാണുള്ളത്. അതിരൂപതയുടെ വിവിധ പ്രദേശങ്ങളിലും ഇത് പോലെ ആശങ്കാജനകമാണ് സ്ഥിതിയെന്ന് ആർച്ച് ബിഷപ് പറഞ്ഞു. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം.

ശരിയായ പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ വേണം പദ്ധതി നടപ്പാക്കാൻ. ഇക്കാര്യത്തിലുള്ള ആശങ്കകൾ ദൂരീകരിക്കണമെന്നും മാർ പെരുന്തോട്ടം ആവശ്യപ്പെട്ടു.

കുട്ടനാട്ടിലെ കനാലുകളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സംസ്ഥാന ബജറ്റിൽ അനുവദിച്ച തുകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കണം. വരുന്ന വർഷകാലത്തിന് മുമ്പ് കുട്ടനാട്ടുകാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് മാർ ജോസഫ് പെരുന്തോട്ടം നിർദ്ദേശിച്ചു.

സഹായമെത്രാൻ മാർ തോമസ്‌ തറയിൽ അധ്യക്ഷത വഹിച്ചു. തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി , വികാരി ജനറാൾ ഡോ. തോമസ് പാടിയത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. വികാരി ജനറാൾ ഫാ.ജോസഫ് വാണിയപുരയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് ജോസഫ് , ഫാ.മനോജ് കറുകയിൽ, ഫാ. ക്രിസ്‌റ്റോ നേര്യംപറമ്പിൽ, ഫാ. റെജി പ്ലാത്തോട്ടം, ഫാ. ജോർജ് നൂഴായിത്തടം, ആൻ്റണിമലയിൽ അഡ്വ.ജോജി ചിറയിൽ, തങ്കച്ചൻ പൊൻമാങ്കൽ, ഡോ. സിജോ ജേക്കബ്, റോയി കപ്പാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.